താമരശ്ശേരി: ചമൽ - എട്ടേക്രയിൽ താമരശ്ശേരി എക്‌സൈസ് സർക്കിൾ സംഘം നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസർ ഗിരീഷ് കെ.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
റെയ്ഡിനിടെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ പരിശോധന നടത്തുന്നതിനിടെ സിവിൽ എക്സൈസ് ഓഫീസർ റനീഷ് കെ.പി. വഴുതി വീണ് ഇടത് ചുമലിന് പരിക്കേറ്റു. ഉടൻ തന്നെ സഹപ്രവർത്തകർ താമരശ്ശേരി സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.
പ്രദേശത്ത് അനധികൃത മദ്യനിർമാണം തടയുന്നതിനുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. കണ്ടെത്തിയ 200 ലിറ്റർ വാഷ് എക്സൈസ് സംഘം സ്ഥലത്തുവെച്ച് തന്നെ നശിപ്പിച്ചു.
കഴിഞ്ഞ ദിവസം താമരശ്ശേരി സ്കൂളിൽ നിന്ന് വിദ്യാർഥിയുടെ സ്കൂൾ ബാഗിൽ നിന്ന് വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിലെ പ്രതിയായ രണ്ടാനച്ഛൻ ചമൽ സ്വദേശിയായിരുന്നു. ആ സംഭവത്തിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് ഇതേ പ്രദേശത്ത് വീണ്ടും വൻതോതിൽ വാഷ് കണ്ടെത്തിയത്. തുടർച്ചയായി പുറത്തുവരുന്ന ഇത്തരം സംഭവങ്ങൾ പ്രദേശത്ത് അനധികൃത മദ്യനിർമാണവും വിതരണവും സംബന്ധിച്ച ആശങ്ക വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
റെയ്ഡിൽ ഐ.ബി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷിഞ്ചു കുമാർ, സിവിൽ എക്സൈസ് ഓഫീസർ-ഡ്രൈവർ പ്രജീഷ് ഒ.ടി. എന്നിവരും പങ്കെടുത്തു. അനധികൃത മദ്യനിർമാണത്തിനെതിരായ പരിശോധനകൾ ശക്തമായി തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.