താമരശ്ശേരി: കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ വേനക്കാവ് കോളമല ഭാഗത്ത് നിന്ന് 110 ലിറ്റർ വാറ്റ് ചാരായം പിടികൂടി.
കോഴിക്കോട് ഡി.സി. സ്‌ക്വാഡും എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും (EE&ANSS) ചേർന്ന് നടത്തിയ പരിശോധനയിലാണ് നീർച്ചാലിന് സമീപത്തെ റോഡരികിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ സൂക്ഷിച്ചിരുന്ന 500 മില്ലി വീതമുള്ള 220 കുപ്പികളിലായി 110 ലിറ്റർ ചാരായം കണ്ടെത്തിയത്.
EE&ANSS കോഴിക്കോട് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സുനീഷ് എൻ. എസ്. യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ അബ്കാരി ആക്ട് 8(1), 8(2) വകുപ്പുകൾ പ്രകാരം താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ (ക്രൈം നമ്പർ 115/2026) കേസ് രജിസ്റ്റർ ചെയ്തു.
പരിശോധന സംഘത്തിൽ EE&ANSS ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജിജു കെ. എൻ., ഡി.സി. സ്‌ക്വാഡ് അംഗങ്ങളായ അഷിൽദ് പി. എസ്., അജിത്ത് പി., ജിത്തു പി. പി., ഷാജു സി. പി., സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
ചാരായം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനാൽ ഇതിന് പിന്നിലുള്ള പ്രതികളെ കണ്ടെത്തുന്നതിനായി എക്സൈസ് വകുപ്പ് അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.