താമരശ്ശേരി : 2018-ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് ഏഴ് വർഷത്തിന് ശേഷം പിടികൂടി.
പുളിങ്ങോം പാലാന്തടം സ്വദേശിയായ ശരത് എന്ന കണ്ണൻ (27) ആണ് കണ്ണൂർ ചെറുപുഴ സിഐ ജോബി കെ.ജെ, എസ്ഐ ക്ലിന്റു മാത്യു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
കേസിൽ റിമാൻഡിലായിരുന്ന ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് ചെന്നൈയിൽ കുറച്ചുകാലം ജോലി ചെയ്ത ഇയാൾ പിന്നീട് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി –ചമലിൽ വള്ളുവർകുന്ന് ഉന്നതിയിൽ എത്തി. അവിടെ ഒരു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം കേസിന്റെ വിവരം മറച്ചുവെച്ച് ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ മൂന്ന് വർഷമായി ശരത് സ്വന്തം പേരിൽ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നില്ല. ബന്ധുക്കളുമായും യാതൊരു ബന്ധവും പുലർത്താതിരുന്നതും പ്രതിയെ കണ്ടെത്തുന്നതിൽ പോലീസിന് വലിയ വെല്ലുവിളിയായിരുന്നു.
എന്നാൽ, പ്രതി സഞ്ചരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് രണ്ട് വർഷത്തോളമായി രഹസ്യനിരീക്ഷണം തുടരുകയായിരുന്നു. ഇതിനിടെയാണ് ചമൽ ഭാഗത്ത് ഇയാൾ താമസിക്കുന്നതായി സൂചന ലഭിച്ചത്. പ്രതിയെ പെട്ടെന്ന് പിടികൂടുന്നത് പ്രയാസമാണെന്ന് മനസ്സിലാക്കിയ പോലീസ് ദിവസങ്ങളോളം നിരീക്ഷണം നടത്തി. അവസരം ലഭിച്ചതോടെ കഴിഞ്ഞ ദിവസം രാത്രിയാണ് ചമലിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.തുടർനടപടിയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
എസിപിഒ മാരായ അഭിലാഷ്,അഷറഫ് ഗിരീഷ്, ഉമേഷ് എന്നീ ഉദോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.