ബാരാമതി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു. അജിത് പവാർ (66 വയസ്സ്) സഞ്ചരിച്ചിരുന്ന ചെറുവിമാനം ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു തകർന്നു വീഴുകയായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. ബാരാമതിയിൽ സംഘടിപ്പിച്ച നാല് പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതിനായി മുംബൈയിൽ നിന്നാണ് അജിത് പവാർ യാത്ര തിരിച്ചത്. പറന്നുയർന്ന് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു.
വിമാനത്താവളത്തിൽ ലാൻഡിങ് ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണതെന്നും തുടർന്ന് തീപിടിത്തമുണ്ടായതായും അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്ത് അഗ്നിശമന സേനയും ആംബുലൻസുകളും എത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു
അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി സിവിൽ വ്യോമയാന അധികൃതർ അറിയിച്ചു.
