Trending

താമരശ്ശേരിയിൽ ശ്രീകൃഷ്ണ ജയന്തി ആശംസാ ചിത്രം വിവാദത്തിൽ; സിപിഎം വനിതാ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി.



താമരശ്ശേരി: ഭഗവാൻ ശ്രീകൃഷ്ണനെ അപമാനിക്കുന്ന തരത്തിൽ ചിത്രം പ്രചരിപ്പിച്ചതിനെതിരെ മാർക്സിസ്റ്റ് പാർട്ടി വനിതാ നേതാവും മുൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ ചുങ്കം കമ്മട്ടിയേരി കുന്നുമ്മൽ വി.എം. വള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ആവശ്യപ്പെട്ടു.

ശ്രീകൃഷ്ണന്റെ കിരീടം, മാല, മയിൽപ്പീലി എന്നിവ പട്ടിയുടെ ശരീരത്തിൽ അണിയിച്ച നിലയിലുള്ള ചിത്രം ഉപയോഗിച്ച് ശ്രീകൃഷ്ണ ജയന്തി ആശംസകൾ വാട്സ്ആപ് സ്റ്റാറ്റസിൽ പ്രചരിപ്പിച്ചത് . ഹൈന്ദവ ആരാധനാമൂർത്തികളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വി.എം. വള്ളി താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നുവെന്നും അന്ന് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവധി നൽകാതിരിക്കാൻ ശ്രമം നടത്തിയിരുന്നുവെന്നും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് അന്നത്തെ നീക്കം പരാജയപ്പെട്ടത് .

വിശ്വാസികളുടെ ആരാധനാമൂർത്തികളെ അപമാനിക്കുന്നതോ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതോ ആയ നടപടികൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പാർട്ടിയുടെ വനിതാ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായതായി ആരോപിക്കപ്പെടുന്ന നടപടിയിൽ സിപിഐ(എം) നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് വിശ്വാസികൾ ഉറ്റുനോക്കുന്നതെന്നും ഗിരീഷ് തേവള്ളി പറഞ്ഞു.

Post a Comment

Previous Post Next Post