Trending

ജാഗ്രത! തട്ടിപ്പിന് നിങ്ങളും ഇരയായേക്കാം



സാങ്കേതികവിദ്യയുടെ സഹായത്തോടെ നമ്മുടെ വിവരങ്ങൾ ചോർത്തി അതുപയോഗിച്ച് അഞ്ചോ പത്തോ രൂപ മുതൽ ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്നതിന്റെ വാർത്തകൾ നാം ഓരോ ദിവസവും കേൾക്കുന്നു. ഇത്തരം തട്ടിപ്പിന് ഇന്നല്ലെങ്കിൽ നാളെ നിങ്ങളും ഇരയാകാനുള്ള സാധ്യത കൂടുതലാണ്. ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ, അൽപം ശ്രദ്ധിച്ചാൽ, പക്വതയോടെ പെരുമാറിയാൽ നിങ്ങളുടെ ഡിജിറ്റൽ പണമിടപാടുകൾ സുരക്ഷിതമാക്കാം.  

ഡിജിറ്റല്‍ പണമിടപാടുകള്‍ സുരക്ഷിതമാക്കുന്നതില്‍ ഉപയോക്താവിന്റെ പങ്ക് അതിനിർണായകമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, മിക്കവാറും എല്ലാ അപകടസാധ്യതകളും നമുക്ക് ഒഴിവാക്കാനാകും. 


ഫോണ്‍ സൂക്ഷിക്കുക 

നാം ബാങ്കിങ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ശരിയായി സൂക്ഷിച്ചാൽ തന്നെ പല തട്ടിപ്പുകളില്‍നിന്നും രക്ഷപ്പെടാം. നെറ്റ് ബാങ്കിങ് സെറ്റ് ചെയ്യണമെങ്കില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇ–മെയില്‍ ഐഡിയും ആവശ്യമാണ്. ഇതിന്റെ പാസ്‌വേഡ് നല്‍കുന്നതും തികച്ചും സുരക്ഷിതമായ രീതിയിലാണ്. ഇനി യൂസര്‍ ഐഡിയും പാസ്‌വേഡും കിട്ടി മറ്റൊരാൾ ലോഗിന്‍ ചെയ്താലും ഇടപാടു നടത്താന്‍ ട്രാന്‍സാക്‌ഷന്‍ പാസ്‌വേഡും വേണം. ഇതിനെല്ലാം പുറമേ ടു ഫാക്ടര്‍ ഒതന്റിഫിക്കേഷനെന്ന നിലയില്‍ മൊബൈലില്‍ വരുന്ന ഒടിപിയും നിർബന്ധമാണ്. ഇവയെല്ലാം ഡിജിറ്റൽ ബാങ്കിങ്ങിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കും. 


∙ഇടപാടുകൾ നടത്തുന്ന ഫോണ്‍ മറ്റുള്ളവർക്കു കൊടുക്കാതിരിക്കുക. ചില ആപ്പുകൾ ഡൗൺ ലോഡ് ചെയ്താൽ നിങ്ങളുടെ മൊബൈലില്‍ നടത്തുന്ന എല്ലാ കാര്യങ്ങളും മറ്റൊരാൾക്കു നിരീക്ഷിക്കാനാകും. അത്തരം ആപ്പുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുത്. അത്യാവശ്യമുള്ള ആപ്പുകൾ മാത്രം, അതും കാര്യങ്ങൾ മനസ്സിലാക്കി മാത്രം ഇൻസ്റ്റാൾ ചെയ്യുക. 


∙ ഫോണ്‍ എപ്പോഴും ലോക്ക് ചെയ്തു മാത്രം സൂക്ഷിക്കുക. അതുപോലെ മറ്റുള്ളവരുടെ ഫെയ്‌സ് റെക്കഗ്‌നേഷന്‍ നിങ്ങളുടെ ഫോണിൽ അനുവദിക്കാതിരിക്കുക എന്നതും പ്രധാനമാണ്. 



പരിധി കുറയ്ക്കാം, സുരക്ഷ കൂട്ടാം 

നെറ്റ് ബാങ്കിങ് അടക്കമുള്ള ഡിജിറ്റൽ ഇടപാടുകളിലെല്ലാം പരിധി നിശ്ചയിക്കുവാന്‍ നിങ്ങൾക്കു സാധിക്കും. നിങ്ങളുടെ അക്കൗണ്ടില്‍ നടക്കുന്ന ശരാശരി ഇടപാട് 20,000 രൂപയുടേതാണെന്നിരിക്കട്ടെ. അവിടെ ഇടപാടിന്റെ ഉയര്‍ന്ന പരിധി 20,000 രൂപയാക്കുക. ഇതു സുരക്ഷിതത്വം മെച്ചപ്പെടുത്തും. കാരണം, നിങ്ങളുടെ അക്കൗണ്ടില്‍ ഒരാള്‍ക്കു നുഴഞ്ഞു കയറിയാലും അത്രയും തുകയേ നഷ്ടപ്പെടൂ. 


ഓൺ ആക്കാം ഓഫ് ആക്കാം

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ആവശ്യമുള്ളപ്പോൾ മാത്രം ഓണ്‍ ചെയ്തു വയ്ക്കാനും അല്ലാത്തപ്പോൾ ഓഫ് ആക്കാനുമുള്ള സൗകര്യമുണ്ട്. നിങ്ങളുടെ കാര്‍ഡ് ഉപയോഗിച്ചു തട്ടിപ്പു നടത്താനുള്ള സാധ്യതകള്‍ ഒഴിവാക്കാം. നിങ്ങൾ സാധാരണ ഇടപാടു നടത്തുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് ഉണ്ടാക്കി അവരെ കൂട്ടിച്ചേര്‍ക്കുന്ന (ADD) സംവിധാനവും ലഭ്യമാണിപ്പോൾ. ഇങ്ങനെ കൂട്ടിച്ചേര്‍ത്തിട്ടില്ലാത്തവർക്ക് പരമാവധി നിശ്ചിത തുകയേ കൈമാറാനാവൂ. ഇതും തട്ടിപ്പിന്റെ വലുപ്പം കുറയ്ക്കാൻ സഹായിക്കും.


റജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഉള്ള മൊബൈല്‍ ഫോണില്‍നിന്നേ നെറ്റ് ബാങ്കിങ് ആപ് പ്രവര്‍ത്തിപ്പിക്കാനാവൂ. 


സ്വന്തം ലാപ് ടോപ് മതി 

സ്വന്തം ലാപ്‌ടോപ്പില്‍ മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്തുക. മറ്റുള്ളവര്‍ കൂടി ഉപയോഗിക്കുന്ന ലാപ്‌ടോപ്പില്‍ ഇടപാടു നടത്തരുത്. ഏറ്റവും പുതിയ ഓപ്പറേറ്റിങ് സംവിധാനം ഉപയോഗിക്കുന്നതും ഗുണകരമാണ്. കാരണം, ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങള്‍ നിങ്ങൾക്കു ലഭിക്കുവാന്‍ ഇത് സഹായിക്കും. 


ബ്രൗസറുകളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളാണ് പലരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊന്ന്. മൊബൈല്‍ സ്‌കാനര്‍ ഉപയോഗിച്ച് സംശയകരമായ ആപ്പുകള്‍ കണ്ടെത്താനാവും. 


പാസ്‌വേഡുകള്‍ ശക്തമാക്കുക

തട്ടിപ്പുകാര്‍ക്ക് ഊഹിക്കാന്‍ സാധിക്കാത്ത പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് ഡിജിറ്റല്‍ സുരക്ഷയുടെ ബാലപാഠമാണ്. പലരും സ്വന്തം പേരും ജനന വര്‍ഷവും കൂട്ടിച്ചേർത്താകും പാസ്‌വേഡ് തയാറാക്കുക. ഇവയെല്ലാം വളരെ എളുപ്പത്തില്‍ ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. അതുപോലെ സോഷ്യൽ മീഡിയിലടക്കം നിങ്ങളുടെ പ്രൊഫൈലിലെ എന്തെങ്കിലും വിവരങ്ങള്‍ പാസ്‌വേഡിന്റെ ഭാഗമായി ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. 


∙വലിയ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതാണ് നന്ന്. നിങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമയുടെ പേരില്‍ അക്ഷരങ്ങള്‍ക്കു പകരം സ്‌പെഷല്‍ കാരക്ടറുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് പാസ്‌വേഡ് സെറ്റ് ചെയ്യാം.


∙മറന്നുപോയേക്കാം എന്നു ഭയന്ന് എളുപ്പത്തിലുള്ള പാസ്‌വേഡ് ഉപയോഗിക്കരുത്. പാസ്‌വേഡ് എളുപ്പത്തില്‍ റീ സെറ്റ് ചെയ്യാം. പാസ്‌വേഡ്, പിന്‍ എന്നിവ ഇടയ്ക്കിടെ മാറ്റുന്നത് നല്ലൊരു ശീലമാണ്.


∙ഏതെങ്കിലും പബ്ലിക് നെറ്റ്‌വര്‍ക്കില്‍ പാസ്‌വേഡ് ഉപയോഗിച്ചാല്‍ വീട്ടില്‍ തിരിച്ചെത്തിയാലുടൻ പാസ്‌വേഡും പിന്നും മാറ്റാന്‍ മറക്കരുത്. 


∙കംപ്യൂട്ടറിലും മൊബൈല്‍ ബ്രൗസറിലും പാസ് വേഡുകള്‍ സേവ്ചെയ്തു വയ്ക്കുന്ന ശീലവും പലര്‍ക്കുമുണ്ട്. ട്രോജനുകള്‍ വഴി ഇതു കണ്ടെത്താനാവും. 

Post a Comment

Previous Post Next Post