പുതുപ്പാടി: ഈങ്ങാപ്പുഴ കൊളമല വനത്തിൽ നായാട്ട് സംഘം പ്രവേശിച്ചെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ 2.30 മുതൽ താമരശ്ശേരി ഫോറസ്റ്റ് റയ്ഞ്ച് വനപാലകർ നടത്തിയ തിരച്ചിലിൽ സംഘത്തിലെ ഒരാളെ തോക്കുപയോഗിച്ച് വേട്ടയാടിയ മാനുകളുമായി പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് ഇയ്യ മടത്തിൽ അബ്ദുൽ സമദിനെയാണ് പിടികൂടിയത്.
ഇയാളോടൊപ്പം ഉണ്ടായിരുന്ന കരുവാരക്കുണ്ട് സ്വദേശി ഖലീൽ, ഈങ്ങാപ്പുഴ ചോയിയോട് മുഹമ്മദ് റാഫി, ഈങ്ങാപ്പുഴ സ്വദേശി നൗഫൽ എന്നിവർ വേട്ടയ്ക്ക് ഉപയോഗിച്ച തോക്കുമായി ഓടി രക്ഷപ്പെട്ടു. വെടിയേറ്റ നിലയിലുള്ള ഒരു മാനിനെ അബ്ദുൽ സമദിന്റെ കൈവശത്തുനിന്നും കണ്ടെത്തി. മറ്റൊരു മാനിനെ ഇറച്ചിയാക്കിയ നിലയിൽ റോഡരികിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയിൽ നിന്നുമാണ് പിടിച്ചെടുത്തത്. പ്രതികൾ സഞ്ചരിച്ച മറ്റൊരു കാറിനായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്; അതിലൂടെയാണ് മൂന്ന് പേർ രക്ഷപ്പെട്ടതെന്നാണ് സംശയം.
പുലർച്ചെ രണ്ടരയോടെ കാടിനകത്ത് പ്രവേശിച്ച വനപാലക സംഘം കാടിനകത്ത് വെളിച്ചം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അതുവഴി നീങ്ങിയപ്പോഴാണ് വെടിവെച്ച് കൊന്ന മാനുമായി സമദ് നിൽക്കുന്നത് കണ്ടത്.
നിലമ്പൂർ ഭാഗത്തുനിന്നും നിരവധി നായാട്ട് സംഘങ്ങൾ കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളിലേക്ക് എത്തിയതായി വിവരം ലഭിച്ചതായി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ അറിയിച്ചു. ഇവരെ പിടികൂടുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റേഞ്ച് ഓഫീസർ പ്രേം ഷമീർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ടി. ബൈജു, ജി.എസ്.എഫ്.ഒ എം.ടി. സുധീഷ്, ബി.എഫ്.ഒമാരായ ഷനീഷ് വി.എസ്, കെ. അമീർ ഷാ, ഫോറസ്റ്റ് വാച്ചർമാരായ ലജുമോൻ പി.ഡി, രവി പി.ആർ, സജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.