ഐഎസ്എല്‍ ആദ്യപാദ സെമിഫൈനലില്‍ ബ്ലാസ്റ്റേഴ്സിന് ജയം. 1–0ന് ജംഷഡ്പൂരിനെ തോല്‍പിച്ചു. 38ാം മിനിറ്റില്‍ മലയാളികളുടെ സ്വന്തം സഹൽ അബ്ദുൽ സമദാണ് വിജയഗോള്‍ നേടിയത്. ജംഷഡ്പുരിന്റെ കടുത്ത സമ്മർദ്ദ തന്ത്രങ്ങളെ അതിജീവിച്ച് ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്. ജംഷഡ്പുർ മുന്നേറ്റത്തിന്റെ മുനയൊടിച്ച് നടത്തിയ കൗണ്ടർ അറ്റാക്കിൽനിന്നാണ് ഗോളിന്റെ പിറവി. ജംഷഡ്പൂർ താരം മൊബഷീറിൽനിന്ന് തകർപ്പൻ സ്ലൈഡിങ്ങിലൂടെ സ്വന്തം ബോക്സിനു സമീപം പന്ത് വീണ്ടെടുത്ത ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ത്രോ സംഘടിപ്പിച്ചതോടെയാണ് ഗോളിലേക്കുള്ള നീക്കത്തിന്റെ ആരംഭം.
ത്രോ പിടിച്ചെടുത്ത അൽവാരോ വാസ്ക്വസ് മധ്യവരയ്ക്കു സമീപത്തുനിന്ന് സഹലിന് കണക്കാക്കി ജംഷഡ്പുർ ബോക്സിലേക്ക് പന്ത് ഉയർത്തി നൽകി. ഒപ്പമോടിയ ജംഷ്ഡ്പുർ താരം റിക്കി ലല്ലാവ്മയ്ക്ക് പന്തിൽ തല തൊടാനായെങ്കിലും ക്ലിയർ ചെയ്യാനായില്ല. ഫലം പന്ത് ബോക്സിലേക്ക് ഓടിക്കയറിയ സഹലിന് കാൽപ്പാകത്തിൽ. ഒട്ടും ആവേശം കാട്ടാതെ അസാമാന്യ നിയന്ത്രണത്തോടെ സഹൽ പന്തു വരുതിയിലാക്കി.
പിന്നെ മുന്നോട്ടു കയറിയെത്തിയ ജംഷഡ്പുർ ഗോൾകീപ്പർ ടി.പി. രഹനേഷിനെ കാഴ്ചക്കാരനാക്കി തലയ്ക്കു മുകളിലൂടെ പന്ത് ചിപ് ചെയ്തു. ഓടിയെത്തിയ ജംഷഡ്പുർ പ്രതിരോധ നിരക്കാരനെ നിരായുധനാക്കി പന്ത് വലയിൽ. ഗോളിലേക്കുള്ള ആദ്യ ഷോട്ടിൽത്തന്നെ ബ്ലാസ്റ്റേഴ്സിന് ലീഡ്. സ്കോർ (1–0)
