ന്യൂഡൽഹി∙ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ അവലോകനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഉന്നതതല യോഗം ചേർന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു.
റഷ്യയുടെ സൈനിക നീക്കങ്ങൾക്കിടെ യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ‘ഓപ്പറേഷൻ ഗംഗ’ പദ്ധതിയുടെ കീഴിൽ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന അഞ്ചാമത്തെ അവലോകന യോഗമാണിത്. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ ഊർജിതമാക്കിയിരുന്നു.
ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന പ്രക്രിയ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി യുക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന നാല് അയൽ രാജ്യങ്ങളിലേക്ക് നാലു കേന്ദ്രമന്ത്രിമാരെ അയച്ചിട്ടുണ്ട്. ഹംഗറിയിലേക്ക് ഹർദീപ് സിങ് പുരിയെയും സ്ലോവാക്യയിലേക്ക് കിരൺ റിജിജുവിനെയും റുമാനിയയിലേക്ക് ജ്യോതിരാദിത്യ സിന്ധ്യയേയും പോളണ്ടിലേക്ക് വി.കെ.സിങ്ങിനെയുമാണ് അയച്ചിട്ടുള്ളത്.