കട്ടിപ്പാറ : പൂലോട് വെണ്ടേക്കുംചാൽ ഭാഗത്ത് പ്രവർത്തിക്കുന്ന റൂബി ക്രഷറിൽനിന്നും സ്ലറി മാലിന്യം തോട്ടിലേക്ക് ഒഴുകുന്നത് തുടർക്കഥയായതോടെ അടിയന്തരനടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം. മാലിന്യമൊഴുകിയെത്തുന്ന തോടിന് സമീപപ്രദേശങ്ങളിൽ താമസിക്കുന്ന പൂലോട്,പയോണ വാർഡുകളിലെ ജനങ്ങളാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ചേംബറിനുള്ളിലെത്തി പ്രതിഷേധിച്ചത്.
തുടർന്ന് വൈസ് പ്രസിഡന്റ് സാജിത ഇസ്മയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അഷ്റഫ് പൂലോട്, പയോണ വാർഡ് അംഗം അനിത രവീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രദേശവാസികളും ക്രഷർ അധികൃതരും തമ്മിൽ പഞ്ചായത്ത്ഓഫീസിൽ ചർച്ചനടത്തി.അശാസ്ത്രീയമായി കൂട്ടിയിട്ട മുഴുവൻ സ്ലറി മാലിന്യവും നാലുദിവസത്തിനകം അടിയന്തരമായി നീക്കംചെയ്യാൻ നടപടിസ്വീകരിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിച്ചത്. സ്ലറിമാലിന്യം കൂട്ടിയിടുന്ന ഭാഗം ഭിത്തികെട്ടിത്തിരിക്കാനും മാലിന്യം പരന്നൊഴുകാതിരിക്കാൻ കുഴിയെടുക്കാനും വിഷയത്തിൽ പോലീസിനും മലിനീകരണ നിയന്ത്രണബോർഡിനും പരാതിനൽകാനും തീരുമാനമായി.

