Trending

അമീബിക് മസ്തിഷ്ക ജ്വരം ; വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കരുത് ; മുഖ്യമന്ത്രി.


സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്നും സ്വിമ്മിങ് പൂളുകൾ ക്ലോറിനേറ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവുമായി ബന്ധപ്പെട്ട ആശങ്കയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ച്‌ ചേർത്ത ഉന്നതതല യോഗത്തിലാണ് നിർദേശം.

കുട്ടികളിലാണ് അസുഖം കൂടുതലായും കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണം. സ്വിമ്മിങ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നത് രോഗം തടയാൻ സഹായകരമാണ്. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രിക്ക് പുറമെ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് അഡീഷനല് ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അടക്കമുള്ളവരും യോഗത്തിൽ പങ്കെടുത്തു. നിലവിലെ സ്ഥിതിഗതികൾ യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കൈകൊള്ളേണ്ട നടപടികളെക്കുറിച്ചുള്ള ആലോചനകളും നടന്നു. കഴിഞ്ഞദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരൻ മരിച്ചിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുൽ.

Post a Comment

Previous Post Next Post