കർണാടകയിലെ ദേശീയപാത ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ മലയാളി ഡ്രൈവർ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ തുടരുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തെരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി പരാതി. രഞ്ജിത് ഇസ്രായേലിന്റെ നേതൃത്വത്തിലുള്ള സംഘത്തോടാണ് മടങ്ങാൻ ആവശ്യപ്പെട്ടത്. ജില്ലാ പൊലീസ് മേധാവിയാണ് മലയാളി രക്ഷാപ്രവര്‍ത്തകരോട് സംഭവസ്ഥലത്തുനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് പറയുന്നത്. അര മണിക്കൂറിനുള്ളിൽ മടങ്ങാനാണ് നിര്‍ദേശം. കോഴിക്കോട് നിരവധി സന്നദ്ധ പ്രവർത്തകരും തിരച്ചിലായി ഇവിടെ എത്തിയിട്ടുണ്ട്.
അതേസമയം രഞ്ജിത്തിനെ കർണാടക പൊലീസ് മർദിച്ചെന്ന് ലോറിയുടമ മനാഫ് പറഞ്ഞു. അര്‍ജുനായുള്ള തെരച്ചില്‍ ഏഴാംദിവസവും തുടരുകയാണ്. അതിനിടെ അങ്കോലയിൽ രണ്ട് സ്ഥലങ്ങളിൽ റഡാറില്‍ സിഗ്നല്‍ ലഭിച്ചു. റോഡരികിലെ മണ്ണിൽ നടത്തിയ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചത്. ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധിക്കുകയാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ കരയിലും ഗംഗാവലി പുഴയിലുമായാണ് തെരച്ചില്‍ നടത്തിയിരുന്നത്. തെരച്ചിലിനായി ബെംഗളൂരുവില്‍നിന്ന് 'ഡീപ് സെര്‍ച്ച് ഡിറ്റക്ടറും' സ്ഥലത്ത് എത്തിച്ചിരുന്നു. എട്ടുമീറ്റര്‍ ആഴത്തില്‍വരെ തെരച്ചില്‍ നടത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്
