പ്രശസ്ത നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. കൊച്ചിയിലെ എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും.
മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേലാൽ ആണ് മറ്റൊരു മകൻ. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ സ്വദേശിനിയായ ശാന്തകുമാരി, ഭർത്താവ് വിശ്വനാഥൻ നായരുടെ ഔദ്യോഗിക ആവശ്യങ്ങളെ തുടർന്നാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. നഗരത്തിലെ മുടവൻമുഗൾ കേശവദേവ് റോഡിലുള്ള ‘ഹിൽവ്യൂ’ എന്ന വീട്ടിലായിരുന്നു ദീർഘകാലം അവർ താമസിച്ചിരുന്നത്.
ആരോഗ്യപരമായ കാരണങ്ങളാലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾക്കുമായി പിന്നീട് മോഹൻലാൽ അമ്മയെ കൊച്ചിയിലേക്ക് കൊണ്ടുവന്നു. തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും അമ്മയുമായി അതീവ ആത്മബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, സമയം ലഭിക്കുമ്പോഴെല്ലാം എളമക്കരയിലെ വീട്ടിലെത്തി അമ്മയെ സന്ദർശിക്കാറുണ്ടായിരുന്നു.
അമ്മയുടെ കഴിഞ്ഞ ജന്മദിനാഘോഷം മോഹൻലാൽ ഈ വീട്ടിൽ വെച്ചാണ് സംഘടിപ്പിച്ചത്. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം കൊച്ചിയിലെത്തിയപ്പോൾ ആദ്യം ചെയ്തത് എളമക്കരയിലെ വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങുകയുമായിരുന്നു.
പിതാവ് വിശ്വനാഥൻ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരുകൾ ചേർത്താണ് മോഹൻലാൽ തന്റെ ജീവകാരുണ്യ സംഘടനയായ ‘വിശ്വശാന്തി ഫൗണ്ടേഷൻ’ രൂപീകരിച്ചത്. ശാന്തകുമാരിയുടെ വിയോഗം സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
