താമരശ്ശേരി : ചമൽ നിർമ്മല യു.പി. സ്കൂൾ ഗോൾഡൻ ജൂബിലി സമാപനം പ്രൗഢഗംഭീരമായി സ്കൂൾ അങ്കണത്തിൽ നടത്തി. ഇന്നലെ നടന്ന ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിയിലേക്ക് ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തി.
ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്ക് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. അഞ്ച് പതിറ്റാണ്ട് കാലം നിർമ്മല സ്കൂൾ സമൂഹത്തിന് നൽകിയ നിസ്തുല സേവനങ്ങളെ ബിഷപ്പ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പ്രകീർത്തിച്ചു. കടന്നുപോകുന്ന വഴികളിലെ നന്മകളെ ഓർക്കാനും വരും തലമുറയ്ക്കായി പുതിയ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യാനുമുള്ള അവസരങ്ങളാണ് ജൂബിലുകൾ നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഗോൾഡൻ ജൂബിലി ആഘോഷം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. താമരശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജർ റവ. ഫാ. ജോസഫ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് കുമാരി ഫൈഹ കെ. മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക സ്കൂൾ മാനേജർ റവ. ഫാ. സൈമൺ വള്ളോപ്പിള്ളി ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി തോമസ്, വാർഡ് മെമ്പർ സൗമ്യ പ്രജീഷ്, പ്രഥമ പ്രധാന അധ്യാപിക സിസ്റ്റർ ജസീന്ത, അയൽ സ്കൂളുകളിലെ പ്രധാന അധ്യാപകരായ ബെസി കെ.യു, ജസീന കെ പി, റിൻസി ഷാജു, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു കണ്ണന്തറ, പി.ടി.എ. പ്രസിഡണ്ട് ഹാസിഫ് പി.എം, എം പി ടി എ ചെയർപേഴ്സൺ സിനി മാത്യു, പി ടി എ വൈസ് പ്രസിഡന്റ് നൂറുദ്ദീൻ ടി, സ്കൂൾ ലീഡർ സന ഫാത്തിമ തുടങ്ങിയവർ ജൂബിലി ആഘോഷ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു.
സ്കൂൾ മാനേജർ റവ. ഫാ.ജിന്റോ വരകിൽ സ്വാഗതം ആശംസിച്ച ചടങ്ങിന് സ്കൂളിൽ പ്രധാനാധ്യാപിക ജിസ്ന ജോസ് നന്ദി പ്രകാശിപ്പിച്ചു.
കാര്യപരിപാടികൾക്ക് ശേഷം വിദ്യാർത്ഥികളുടെ സുവർണ്ണ വിസ്മയം കലാസന്ധ്യയും പൂർവ്വ വിദ്യാർത്ഥികളുടെ ഗാനമേളയും അരങ്ങേറി.
