കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്.
ബസിൽ യാത്ര ചെയ്യുന്നതിനിടെ ദീപക് ശരീരത്തിൽ സ്പർശിച്ചുവെന്നാരോപിച്ച് ഒരു യുവതി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പരാതി ഉന്നയിച്ചിരുന്നു. ബസിൽ നിന്ന് യുവതി പകർത്തിയതായി പറയുന്ന വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. യുവതി ഉന്നയിച്ച ആരോപണങ്ങൾ തെറ്റായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ഇന്ന് പുലർച്ചെയാണ് ദീപക്കിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
