താമരശ്ശേരി: താമരശ്ശേരി സർക്കാർ സ്കൂളിലെ അധ്യാപകനെതിരെ വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്ന് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
കഴിഞ്ഞ വർഷം സ്കൂളിൽ എൻ.എസ്.എസ് ചുമതല ഏറ്റെടുത്ത താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മായിൽ എന്ന അധ്യാപകനെയാണ് പ്രതിയാക്കിയത്. ഇയാൾ നിലവിൽ ഒളിവിലാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന എൻ.എസ്.എസ് ക്യാമ്പിനിടെ തങ്ങൾക്കുനേരെ ഉണ്ടായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് കൗൺസിലിംഗിനിടെ വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയത്. അധ്യാപകൻ നിരന്തരമായി കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായാണ് പരാതിയിൽ പറയുന്നത്.
എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുത്ത മൂന്ന് പെൺകുട്ടികളാണ് ആദ്യം കൗൺസിലിംഗിനിടെ വിവരങ്ങൾ പുറത്ത് പറഞ്ഞത്. ഇതിന് പിന്നാലെ ക്യാമ്പിൽ പങ്കെടുക്കാത്ത മറ്റൊരു വിദ്യാർത്ഥിനിയും അധ്യാപകനിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായതായി സ്കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട് .
മറ്റ് നിരവധി കുട്ടികൾക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ടെന്നും, വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
