കോഴിക്കോട് നഗരമധ്യത്തിലുള്ള പാളയത്തെ ജയലക്ഷ്മി സിൽക്സ് കെട്ടിടത്തിൽ ഇന്ന് വൈകിട്ട് വൻ തീപ്പിടിത്തം ഉണ്ടായി. വൈകിട്ട് ആറു മണിയോടെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുകൾഭാഗത്ത് നിന്ന് പുക ഉയരുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെയും സ്ഥലത്തേക്ക് തിരിച്ചു. ടെക്സ്റ്റൈൽസിന്റെ രണ്ടാം, മൂന്നാം നിലകളിലേക്കാണ് തീ വ്യാപിച്ചതായി റിപ്പോർട്ടുണ്ട്.
സംഭവസമയം കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ജീവനക്കാരെയും മറ്റ് ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. നഗരമധ്യത്തിലുള്ള വ്യാപാര മേഖലയായതിനാൽ സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിശമന സേന കഠിന ശ്രമത്തിലാണ്.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന കാര്യത്തിൽ പരിശോധന തുടരുകയാണ്. 2023 ഏപ്രിൽ 1-നും ഇതേ സ്ഥാപനത്തിൽ തീപിടുത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.