Trending

പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം; തൈ വിതരണം നടത്തി.


താമരശ്ശേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വയനാശാലയുടെ നേതൃത്വത്തിൽ തൈവിതരണ പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കും പ്രത്യേകിച്ച് പുതുതലമുറയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

സാംസ്‌കാരിക നിലയം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ഓരോരുത്തരുടെയും പങ്കിനെക്കുറിച്ചും അവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും വരും തലമുറയ്ക്ക് ശുദ്ധമായ പ്രകൃതിയും ആരോഗ്യകരമായ ജീവിത സാഹചര്യങ്ങളും ഉറപ്പാക്കേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണെന്നും അവർ പറഞ്ഞു.

ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം പ്രസിഡന്റ് കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സാംസ്‌കാരിക നിലയം നടത്തുന്ന ഇടപെടലുകളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ സ്വപ്ന ടീച്ചർ ശുചിത്വത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം വിശദീകരിച്ചു. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ആവശ്യകതയെക്കുറിച്ചും അവർ ബോധവൽക്കരണം നടത്തി. കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ശീലങ്ങൾ വളർത്തിയെടുക്കുന്നതിനും കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുൻകൈ എടുക്കണമെന്ന് അവർ പറഞ്ഞു.

ഗോകുൽ ചമൽ, മിനി നാരായണൻകുട്ടി, പി.എം. ഷൈജ, രാജേഷ് കെ.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി.

സാംസ്‌കാരിക നിലയം സെക്രട്ടറി ജോബിഷ് പി.കെ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷീലത വിജയൻ നന്ദി രേഖപ്പെടുത്തി. 

പരിപാടിയുടെ ഭാഗമായി വിവിധയിനം വൃക്ഷ  തൈകൾ വിതരണം ചെയ്തു. പ്രദേശവാസികളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടി പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിലേക്കെത്തിക്കുന്നതിൽ ശ്രദ്ധേയമായി.

Post a Comment

Previous Post Next Post