കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി 97 എസ്.എസ്.എൽ.സി ബാച്ചിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം പ്രതീക്ഷ ഭവൻ, കാരുണ്യ തീരം ക്യാമ്പസിൽ സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ക്യാമ്പസിലെ താമസക്കാർക്കൊപ്പം ബാച്ച് അംഗങ്ങൾ സന്തോഷം പങ്കുവെക്കുകയും ഉച്ചഭക്ഷണം കഴിക്കുകയും വിവിധ കലാ-വിനോദ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം പ്രതീക്ഷ ഭവൻ സൂപ്രണ്ട് പാർവതി നിർവഹിച്ചു. ചടങ്ങിൽ പ്രസാദ് അധ്യക്ഷത വഹിച്ചു. സുബീർ ബാബു, ശരീഫ എന്നിവർ ആശംസകൾ നേർന്നു. ഷൈനി സ്വാഗതവും ഷിബു നന്ദിയും പറഞ്ഞു.
ചടങ്ങിൽ പ്രതീക്ഷ ഭവൻ, കാരുണ്യ തീരം ക്യാമ്പസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഇവിടെ താമസിക്കുന്നവർക്ക് നൽകിവരുന്ന സേവനങ്ങളെക്കുറിച്ചും സൂപ്രണ്ട് പാർവതി വിശദീകരിച്ചു. സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, താമസക്കാരുടെ പരിചരണം, സംരക്ഷണം, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും അവർ സംസാരിച്ചു.
താമസക്കാർക്കൊപ്പം സമയം ചെലവഴിക്കുകയും ഉച്ചഭക്ഷണം പങ്കിടുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തതിലൂടെ ഓണാഘോഷം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ സംഗമമായി മാറി.
പരിപാടിയുടെ നടത്തിപ്പിനും താമസക്കാർക്കായി ഉച്ചഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനും 97 എസ്.എസ്.എൽ.സി ബാച്ചിലെ പ്രവാസി സുഹൃത്തുക്കളുടെ സാമ്പത്തിക സഹായം ഏറെ സഹായകമായി. നാട്ടിലും വിദേശത്തുമുള്ള ബാച്ച് അംഗങ്ങളുടെ കൂട്ടായ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പഠിച്ചിറങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും സൗഹൃദത്തിന്റെ ബന്ധം കാത്തുസൂക്ഷിക്കുന്ന 97 എസ്.എസ്.എൽ.സി ബാച്ച് അംഗങ്ങൾ, ഇത്തവണത്തെ ഓണാഘോഷം കാരുണ്യ തീരം ക്യാമ്പസിലെ താമസക്കാർക്കൊപ്പം പങ്കുവെച്ചത് സമൂഹത്തിന് മാതൃകയാകുന്ന പ്രവർത്തനമായി. സ്നേഹവും കരുതലും പങ്കിട്ട ആഘോഷം എല്ലാവർക്കും ഹൃദ്യമായ അനുഭവമായി.