കട്ടിപ്പാറ:: ചമൽ ചുണ്ടൻകുഴിയിൽ കൃഷിസ്ഥലത്ത് വളർത്തിയിരുന്ന ചേമ്പ് കൃഷി കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നികൾ വേലി തകർത്ത് അകത്ത് കയറി നശിപ്പിച്ചു.കട്ടിപ്പാറ കാർഷിക വികസന സമിതി മെമ്പർ ചുണ്ടൻകുഴി കണ്ടൻകുന്നുമ്മൽ മുസ്സ കോയയുടെ ചേമ്പ് കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
കർഷകരുടെ കൃഷിയിടങ്ങളിലെ ഇടവിള കൃഷികളായ ചേന, ചേമ്പ്, വാഴ തുടങ്ങിയവ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്ന സാഹചര്യത്തിൽ ഇത് തടയാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യനും പൊതുപ്രവർത്തകൻ കെ.പി. ചന്ദ്രനും ആവശ്യപ്പെട്ടു.
കൃഷിനാശം സംഭവിച്ച കർഷകന് അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.