താമരശ്ശേരി: കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിൽ കയറി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മേലെമഠത്തിൽ താമസിക്കുന്ന താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എം.എം. ബെൽനിയുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നിക്കൂട്ടം നാശം വിതച്ചത്.
കവുങ്ങിൻ തൈകളും വാഴകളും ഉൾപ്പെടെ നിരവധി കാർഷിക വിളകൾ കാട്ടുപന്നികൾ നശിപ്പിച്ചു. കൃഷി നശിച്ചതോടെ കർഷകന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ആനന്ദും ബാങ്ക് ഡയറക്ടർ കെ.വി. സെബാസ്റ്റ്യനും കൃഷിയിടം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. നിരന്തരമായ കാട്ടുപന്നി ആക്രമണം മൂലം കർഷകർക്ക് കൃഷിയിറക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
കാട്ടുപന്നി ശല്യം മൂലം കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കണമെന്ന് വാർഡ് മെമ്പർ ബിന്ദു ആനന്ദ് വനംവകുപ്പിനോട് ആവശ്യപ്പെട്ടു.