Trending

പെൺകുട്ടിയെ അസഭ്യം പറഞ്ഞ് കല്ലെറിഞ്ഞ കേസ്: പ്രതിക്ക് മൂന്ന് മാസം തടവ്

ചക്കിട്ടപ്പാറ: പെൺകുട്ടിയെ അശ്ലീലഭാഷയിൽ അധിക്ഷേപിക്കുകയും കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് മൂന്ന് മാസം തടവ് ശിക്ഷ. പെരുവണ്ണാമൂഴി സ്വദേശി തേമ്പത്ത് മീത്തൽ പ്രഭാകരൻ (55) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

പെരുവണ്ണാമൂഴി സ്വദേശിനിയായ പരാതിക്കാരിയുടെ വീട്ടിലേക്ക് നോക്കി അസഭ്യം പറയുകയും കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് കോടതി നടപടി. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോനാണ് ശിക്ഷ വിധിച്ചത്.

2024 ജനുവരി 29ന് രാത്രി 7.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്ന് പെൺകുട്ടി പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേസിൽ എട്ട് സാക്ഷികളെ വിസ്തരിക്കുകയും ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇൻസ്പെക്ടർ ജിതിൻ വാസ്. കെ, കുഞ്ഞമ്മദ്. കെ. കെ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

കേസിന്റെ വിചാരണ കാലയളവിൽ പ്രതി ഒമ്പത് മാസത്തോളം ജയിലിൽ കഴിഞ്ഞതിനാൽ വിധിച്ച മൂന്ന് മാസത്തെ തടവ് അനുഭവിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

Post a Comment

Previous Post Next Post