കോഴിക്കോട്: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടും ആശുപത്രികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാർ അവഗണന നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷൻ (WRO) മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.
കോഴിക്കോട് ഈസ്റ്റ് മലയമ്മയിൽ പട്ടാണിയിൽ മെഡികെയറിൽ നടന്ന പരിപാടിക്കിടെയാണ് WRO ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. WRO സെക്രട്ടറി ഷൈജു പി.കെ. ചമലും പ്രസിഡന്റ് ബവീഷ് ബാൽ താമരശ്ശേരിയും ചേർന്നാണ് നിവേദനം നൽകിയത്.
സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ, വീൽചെയർ സൗഹൃദ വാർഡുകളും മുറികളും അനുയോജ്യമായ ബെഡുകളും ഒരുക്കി ഭിന്നശേഷിക്കാർക്ക് ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് നേടി മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത ഭിന്നശേഷിക്കാർക്ക് ജോലി ലഭിക്കുന്നതിനായി പ്രത്യേക നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സാമൂഹ്യക്ഷേമ പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡത്തിൽ കുടുംബവരുമാനത്തിന് പകരം വ്യക്തിഗത വരുമാനം പരിഗണിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമായ ഭിന്നശേഷിക്കാർക്കായി സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ചികിത്സ ഉൾപ്പെടുന്ന പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും WRO ആവശ്യപ്പെട്ടു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള പുതിയ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും പ്രായപരിധിയിൽ ഇളവ് അനുവദിക്കുകയും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുകയും വേണമെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഉപജീവന മാർഗത്തിനായി മുച്ചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഓടിക്കുന്ന ഭിന്നശേഷിക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവ് അനുവദിക്കണമെന്നും അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുമ്പോൾ വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ, കമ്പ്യൂട്ടർ പരിശീലനം എന്നിവ നൽകുകയും തൊഴിൽ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സിനിമാ തിയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ പൂർണമായും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നിർദ്ദേശം നൽകണമെന്നും WRO മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.