പുതുപ്പാടി:പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ ആറാംമുക്ക് പ്രദേശത്തെ കൃഷിയിടത്തിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. വാർഡ് മെമ്പർ ബ്രിജില സുനീഷ്, ദീപു കണ്ണന്തറ, കെ.വി. സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ കാട്ടുപന്നിയുടെ ജഡം മറവുചെയ്തു.
പ്രദേശത്ത് സന്ധ്യ കഴിഞ്ഞാൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ എത്തുന്നത് കർഷകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.
കാട്ടുപന്നി ശല്യം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി എംപാനൽ ഷൂട്ടർമാരുടെ സേവനം അടിയന്തരമായി ലഭ്യമാക്കാൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ബ്രിജില സുനീഷ് ആവശ്യപ്പെട്ടു.