Trending

സഞ്ജിത് വധക്കേസിലെ പ്രതി കോഴിക്കോട്ട് പിടിയിൽ; ശ്രീനിവാസൻ വധക്കേസിൽ പാലക്കാട്ട് തെളിവെടുപ്പ്




കോഴിക്കോട്: പാലക്കാട്ട് ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മുഹ്സിനെയാണ് കോഴിക്കോട് കുന്ദമംഗലത്തുനിന്ന് പോലീസ് പിടികൂടിയത്. സഞ്ജിത് വധക്കേസിലെ ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കുന്ദമംഗലം പടനിലത്തിനടുത്ത് ആരാമ്പ്രത്ത് ഇയാൾ ഒളിവിൽകഴിഞ്ഞുവരികയായിരുന്നു. ഇവിടെനിന്ന് പാലക്കാട്ടുനിന്നെത്തിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

2021 നവംബർ 15-നാണ് ആർ.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന സഞ്ജിത്തിനെ ഒരുസംഘം കാറിലെത്തി വെട്ടിക്കൊന്നത്. പാലക്കാട്-തൃശ്ശൂർ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്തായിരുന്നു സംഭവം. ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ, ബൈക്ക് തടഞ്ഞുനിർത്തി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. കേസിലെ പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവർത്തകരാണ്.

അതേസമയം, പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ കഴിഞ്ഞദിവസം പിടിയിലായ പ്രതികളുമായി പോലീസ് സംഘം തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കാളിയായ ഫയാസ് എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇതിൽ ഇഖ്ബാലുമായാണ് പോലീസ് സംഘം ആദ്യം തെളിവെടുപ്പ് നടത്തുന്നത്. പത്തിരിപ്പാല മണ്ണൂർ, മുണ്ടൂർ, കോങ്ങാട്, മേലാമുറി തുടങ്ങിയ സ്ഥലങ്ങളിലാകും തെളിവെടുപ്പ് നടക്കുക. പ്രതി ഉപയോഗിച്ച സ്കൂട്ടറും ആയുധവും ഇവിടങ്ങളിൽനിന്ന് കണ്ടെടുക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ ഒമ്പത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അറസ്റ്റിലായിട്ടുള്ളത്

Post a Comment

Previous Post Next Post