Trending

​കെ സ്വിഫ്റ്റ് ബസിന് അപകടം കെ എസ് ആർ ടി സി എം.ഡി ബിജു പ്രഭാകർ ഡിജിപിക്ക് പരാതി നൽകി.


തിരുവനന്തപുരം: പുതിയതായി ആരംഭിച്ച കെ സ്വിഫ്റ്റ് സർവീസ് ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. ആദ്യ ദിവസം മുന്നു തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് പോയ ബസും കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സർവീസുമാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സർവീസുകളിൽ ഒരു ബസ് കല്ലമ്പലത്തുവെച്ച് ലോറിയുമായി തട്ടി അപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തിൽ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറർ തകരുകയും ചെയ്തു.


ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തിൽപ്പെട്ടു. സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളിൽ ആളപയാമൊന്നും ഉണ്ടായില്ല


അതിനിടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മറ്റൊരു കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. കെ സ്വിഫ്റ്റ് ബസിൽ ഒരു സ്വകാര്യ ബസ് ഉരസുകയായിരുന്നു. സൈഡ് ഇൻഡിക്കേറ്ററിന് സമീപം പോറൽ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിലും യാത്രക്കാരിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ ദിനം തന്നെ തുടർച്ചയായി അപകടത്തിൽപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആർ ടി സി എം.ഡി ബിജു പ്രഭാകർ ഡിജിപിക്ക് പരാതി നൽകി. മനപൂർവ്വം അപകടമുണ്ടാക്കി കെ സ്വിഫ്റ്റ് സർവീസുകളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അപകടം ഉണ്ടാക്കിയ ലോറി പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്

Post a Comment

Previous Post Next Post