Trending

പാലക്കാട് ഇരട്ടക്കൊലപാതകം: ,സർവ്വകക്ഷി യോഗം ഇന്ന്



പാലക്കാട്: ജില്ലയില്‍ രണ്ട് രാഷ്ട്രീയകൊലപാതകങ്ങളുണ്ടായ സഹചര്യത്തില്‍ സമാധനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യവുമായി ഇന്ന് സര്‍വകക്ഷി യോഗം നടക്കും.

ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വൈകീട്ട് 3.30 കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. കൊലപാതകത്തില്‍ ആരോപണ വിധേയരായ ബി ജെ പി, പോപ്പുലര്‍ഫ്രണ്ട് നേതാക്കളില്‍ ആരൊക്കെ ചർച്ചക്കെത്തുമെന്നാണ് ഉറ്റുനോക്കുന്നത്.


അതിനിടെ മേലാമുറിയിലെ ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ സംബന്ധിച്ച്‌ കൃത്യമായ സൂചന പോലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ മൊഴികളില്‍ നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സി സി ടി വി ദൃശ്വങ്ങളാണ് ഈ കൊലപാതകത്തില്‍ പോലീസിന് ലഭിച്ച വലിയ തെളിവ്. സംഭവത്തില്‍ നേരിട്ട് ഉള്‍പ്പെട്ട ആറ് പേര്‍ക്കൊപ്പം മറ്റ് ചിലര്‍ കൂടി പ്രതികളായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇവര്‍ക്ക് പ്രാദേശികമായ സഹായം കിട്ടിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


ഇലപ്പുള്ളിയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതില്‍ ഇന്ന് അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കസ്റ്റഡിയിലുള്ള നാല് പേര്‍ക്ക് പുറമേ മറ്റ് ചിലരെക്കൂടി ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.


അതിനിടെ ജില്ലയില്‍ 144 പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏര്‍പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റില്‍ ഇരുത്തി യാത്ര നടത്താന്‍ പാടില്ലെന്നാണ് ഉത്തരവ്.

Post a Comment

Previous Post Next Post