കോഴിക്കോട്; ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ കോഴിക്കോട് ജില്ലയില്‍ ആകെയുള്ള വോട്ടര്‍മാരുടെ എണ്ണം 2479793. ഇതില്‍ സ്ത്രീകള്‍ 1302125 ഉം പുരുഷന്മാര്‍ 1177645 ഉം ട്രാന്‍സ്‌ജെന്‍ഡര്‍ 23 ഉം ആണ്. 2024 ജനുവരി ഒന്നാം തീയതിക്കോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടിക തയാറാക്കിയത്.
കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച് ജൂണ്‍ 21 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇആര്‍ഒ) അന്തിമ വോട്ടര്‍ പട്ടിക തയാറാക്കിയത്. പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. ഇആര്‍ഒയുടെ തീരുമാനത്തിനെതിരെ തദ്ദേശവകുപ്പ് ജില്ലാ ജോയിന്‍ ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.
കോഴിക്കോട് ജില്ലയില്‍ ആകെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് (ഗ്രാമപഞ്ചായത്തുകള്‍-70, ബ്ലോക്ക് പഞ്ചായത്തുകള്‍-12, ജില്ലാ പഞ്ചായത്ത്-1, മുനിസിപ്പാലിറ്റികള്‍-7, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-1) ഉള്ളത്. ഇതിലെല്ലാം കൂടി ചേര്‍ന്ന് 1,762 വാര്‍ഡുകള്‍ ഉണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 1226 വാര്‍ഡുകളും ബ്ലോക്ക് പഞ്ചായത്തുകളില്‍ 169 വാര്‍ഡുകളും ജില്ലാ പഞ്ചായത്തില്‍ 27 വാര്‍ഡുകളും മുനിസിപ്പാലിറ്റികളില്‍ 265 വാര്‍ഡുകളും മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 75 വാര്‍ഡുകളുമാണുള്ളത്
