കട്ടിപ്പാറ : 'ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്' മലയാളിയെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും വിരഹങ്ങളും കോർത്തിണക്കി നൂറ്റാണ്ടുകളിലൂടെ കടന്ന് ഇന്നും ജീവിക്കുന്ന, കഥകളുടെ സുൽത്താൻ്റെ സ്മരണ പുതുക്കി നസ്രത്ത് എൽ പി സ്കൂൾ. ബഷീർ ദിന പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ് ഭാഷകൊണ്ടും ശൈലി കൊണ്ടും ബേപ്പൂർ സുൽത്താൻ തീർത്ത സാഹിത്യ പ്രപഞ്ചത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. സർവ്വചരാചരങ്ങളോടും സകല പ്രതിഭാസങ്ങളോടുമുള്ള മന്ദഹാസമായ ബഷീറിന്റെ രചനകളെക്കുറിച്ച് മുഖ്യ പ്രഭാഷകയായിരുന്ന ബുഷ്റ സി സംസാരിച്ചു.
ബഷീർ കഥാപാത്ര ആവിഷ്ക്കാരം, ചിത്രരചനാ മത്സരം , ക്വിസ് മത്സരം തുടങ്ങി ധാരാളം പരിപാടികളും സംഘടിപ്പിച്ചു. കൂടാതെ സ്കൂൾ റേഡിയോയിലൂടെ സംപ്രേഷണം ചെയ്ത ബഷീറിയൻ റേഡിയോ നാടകം കുട്ടികൾക്ക് ബഷീർ രചനയെ കൂടുതൽ അടുത്തറിയാൻ സഹായിച്ചു. അധ്യാപകരായ അരുൺ കെ ജെ , സോണിയ സി , മീന ക്രിസ്റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

