കട്ടിപ്പാറ : ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് മലയാളിയെ കഥകളുടെ പുതുലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമദിനമായ ജൂലൈ 5 ന് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിക്കുന്നു.
ബഷീറിൻ്റെ വിഖ്യാത കഥാപാത്രങ്ങളായ പാത്തുമ്മ , മജീദ്, സുഹറ, എട്ടുകാലി മമ്മൂഞ്ഞ് , ഒറ്റക്കണ്ണൻ പോക്കർ, മണ്ടൻ മുത്തപ്പ , നാരായണി, സൈനബ, ആനവാരി രാമൻ നായർ, പൊൻകുരിശു തോമ,സാറാമ്മ, കേശവൻ നായർ മുതലായവരെ കുട്ടികൾ വിവിധ തലങ്ങളിലൂടെ ആവിഷ്കരിക്കുന്നത് കഥകളുടെ സുൽത്താന് നൽകാവുന്ന ഏറ്റവും ഉചിതമായ സ്മരണാജ്ഞലിയാണെന്ന് ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു.
എന്നോ ഞാനെൻ്റെ മുറ്റത്ത് ....! ഉൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച സുപ്രസിദ്ധ ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പുതിയ PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായിരിക്കും. കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിദ ഇസ്മയിൽ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ കെ അബൂബക്കർ കുട്ടി എന്നിവർ മുഖ്യാതിഥികളായിരിക്കും. കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
