മുക്കം: ചുള്ളിക്കാംപറമ്പിലെ അക്ഷയസെന്റര്‍ ഉടമയെ ആക്രമിച്ച സംഭവം സദാചാര ആക്രമണമെന്ന് പരാതി. പരിക്കേറ്റ പാഴൂര്‍ സ്വദേശി ആബിദ് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ 5 പേര്‍ക്കെതിരെ കേസെടുത്തു.
ആബിദിനെ തട്ടിക്കൊണ്ടുപോവുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ സ്ഥാപനമായ അക്ഷയ സെന്ററില്‍ നിന്നും ബലമായി പിടിച്ചിറക്കി കാറില്‍ കേറ്റി കൊണ്ടുപോയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആബിദ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആബിദിനെ മര്‍ദ്ദിച്ച സംഭവം സദാചാര ആക്രമണമെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. അക്ഷയ സെന്ററിലെ ജീവനക്കാരിയുമായി ആബിദിനും കുടുംബത്തിനും സൗഹൃദമുണ്ടായിരുന്നെന്നും അതാണ് മര്‍ദ്ദനത്തിന് കാരണമെന്നും ബന്ധുക്കള്‍ പറയുന്നു.
