Trending

വയനാട്ടിൽ ഭൂചലനമല്ല, ഭൂമുഴക്കം; റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി



വയനാട്: വയനാട്ടില്‍ ഭൂചലനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി. ഭൂകമ്പമാപിനിയില്‍ ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.കെ.എസ്.ഇ.ബിയുടെ ഭൂകമ്പ മാപിനിയിലും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.

ഇന്ന് പത്തുമണിയോടു കൂടിയാണ് വയനാട്ടിലെ വിവിധയിടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നത്. ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം, ഭൂമുഴക്കം ഉണ്ടായ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി.

അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.

ഭൂമുഴക്കം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം, കോഴിക്കോട്  ജില്ലയുടെ പല ഭാഗത്തും പ്രകമ്പനമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.

Post a Comment

Previous Post Next Post