Trending

ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി.സംഘത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും




വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ 11.47ഓടെ വയനാട്ടിലെത്തിയ പ്രധാനമന്ത്രി ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലേക്കാണ് നേരിട്ടെത്തിയത്. ദുരന്തബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് വീക്ഷിച്ച ശേഷം കല്‍പ്പറ്റയിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയോടൊപ്പം ഹെലികോപ്റ്ററില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും ഉണ്ടായിരുന്നു.


ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയ ശേഷം ഉച്ചയ്ക്ക് 12.15 ഓടെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കും പുറമെ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു, ടി സിദ്ദീഖ് എംഎല്‍എ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും റോഡ് മാര്‍ഗം ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയിലെത്തി. ഏറെ നേരം ദുരന്തമുണ്ടായ സ്ഥലങ്ങള്‍ മറ്റുള്ളവര്‍ക്കൊപ്പം നടന്നുകണ്ട അദ്ദേഹം, ചീഫ് സെക്രട്ടറി ഡോ. വി വേണു, ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിജിപി എം ആര്‍ അജിത്കുമാര്‍ തുടങ്ങിയവരില്‍ നിന്ന് ഉരുള്‍പൊട്ടലിന്റെ വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ നിലനിന്ന സ്ഥലവും ബെയ്‌ലി പാലവും സന്ദര്‍ശിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ സൈനികരുമായി സംസാരിച്ചു.


തുടര്‍ന്ന് മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരന്തത്തെ അതിജീവിച്ചവരുടെ പ്രതിനിധികളായ ഒന്‍പത് പേരുമായി സംസാരിച്ചു. ദുഖം തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ പ്രധാനമന്ത്രിയോട് സംസാരിച്ച അവരുടെ കണ്ണുകള്‍ നിറഞ്ഞു, തൊണ്ടകളിടറി വാക്കുകള്‍ മുറിഞ്ഞു. പറയാന്‍ വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടിയ അവരുടെ തലയില്‍ കൈവച്ചും തോളില്‍ അമര്‍ത്തിപ്പിടിച്ചും കൈകള്‍ ചേര്‍ത്തുപിടിച്ചും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. ഈ മഹാദുരന്തത്തെ അതിജീവിക്കാന്‍ രാജ്യം ഒപ്പുമുണ്ടാവുമെന്ന ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞു. 

അവിടെനിന്ന്, ദുരന്തത്തിനിടയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച മേപ്പാടി വിംസ് ഹോസ്പിറ്റലിലെത്തിയ പ്രധാനമന്ത്രി, ചികിത്സയില്‍ കഴിയുന്നവരുടെ പ്രതിനിധികളായ നാലുപേരുമായി സംസാരിച്ചു. കുരുന്നുകളെ ചേര്‍ത്തുപിടിക്കുകയും കുശലം പറയുകയും ചെയ്ത അദ്ദേഹം, പരിക്കേറ്റവരെയും കൂടെയുള്ളവരെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. 


വൈകിട്ട് നാലു മണിയോടെ കലക്ടറേറ്റിലെത്തിയ പ്രധാനമന്ത്രി അവലോകന യോഗത്തില്‍ സംബന്ധിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജന്‍, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഡോ. ശെയ്ഖ് ദര്‍വേശ് സാഹെബ്, ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിജിപി എം ആര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post