താമരശ്ശേരി: താമരശ്ശേരി എക്സൈസ് സംഘം കൂടത്തായി ചുണ്ടക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 10 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൈക്കാവ് ചുണ്ടക്കുന്ന് വെള്ള പ്ലാക്കൽ വീട്ടിൽ ജിബിൻ ജോൺ (33) നെ അറസ്റ്റ് ചെയ്തു.
എക്സൈസ് ഇൻസ്‌പെക്ടർ ആർ. സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം പിടികൂടിയത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷംസുദ്ദീൻ കെ., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ധനേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) പ്രജീഷ് ഒ.ടി. എന്നിവരും പങ്കെടുത്തു.