കട്ടിപ്പാറ: ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ കൊളമല പ്രദേശത്ത് വനം അതിർത്തിയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അസാധാരണമായ ജലപ്രതിഭാസം കണ്ടെത്തി. വർഷങ്ങളായി ഒഴുകിക്കൊണ്ടിരുന്ന നീർച്ചാൽ അപ്രത്യക്ഷമായതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഏകദേശം 500 മീറ്റർ താഴെ മറ്റൊരു ഭാഗത്ത് പാറക്കൂട്ടങ്ങൾക്കിടയിലൂടെ ശക്തമായി വെള്ളം പുറത്തേക്ക് ഒഴുകിവരുന്നതായി കണ്ടെത്തുകയായിരുന്നു.
വെള്ളം പുറത്തേക്ക് ഒഴുകുന്ന ഭാഗത്ത് വലിയൊരു പാറ ഇളകിനിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ജനവാസമുള്ളതിനാൽ അപകടസാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി സമീപവാസികളെ താൽക്കാലികമായി സുരക്ഷിത ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ഭൂഗർഭ-ഭൗമശാസ്ത്ര വിദഗ്ധരെയും ബന്ധപ്പെട്ട വകുപ്പുകളെയും ഉൾപ്പെടുത്തി അടിയന്തര പരിശോധന നടത്തണമെന്നും, അപകടഭീഷണി ഉയർത്തുന്ന ഇളകിനിൽക്കുന്ന പാറകൾ സുരക്ഷിതമായി നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകാനുള്ള സാധ്യതയും നാട്ടുകാർ ചൂണ്ടിക്കാട്ടി.
സംഭവസ്ഥലം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജീന പി., നാലാം വാർഡ് മെമ്പർ സൗമ്യ പ്രജീഷ്, ഗ്രാമപഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികൾ എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ അടിയന്തര നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്ന് ഉടൻ സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.