കട്ടിപ്പാറ: പിലാകണ്ടിയിൽ കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിലിറങ്ങി വിളവെടുപ്പിന് പാകമായ 250-ലേറെ മൂട് കപ്പ നശിപ്പിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന കർഷകൻ ആലീ വി.എം. പിലാകണ്ടിയുടെ കപ്പത്തോട്ടത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തിയത്.
വിളവെടുപ്പിന് പാകമായിരുന്ന കപ്പയാണ് കാട്ടുപന്നിക്കൂട്ടം കുത്തിമറിച്ച് നശിപ്പിച്ചത്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ വലിയ ആശങ്കയിലാണ്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നിക്കൂട്ടം കപ്പ, വാഴ തുടങ്ങിയ വിവിധ വിളകൾ വ്യാപകമായി നശിപ്പിക്കുന്നതായി കർഷകർ പറയുന്നു.
കൃഷിനാശം സംഭവിച്ച കപ്പത്തോട്ടം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സഫിയ അബൂബക്കർ, കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ, പൊതുപ്രവർത്തകൻ സി.എം. അസീസ് എന്നിവർ സന്ദർശിച്ചു. കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.