തിരുവനന്തപുരം: മൂല്യവർധിത ഉത്പന്നങ്ങളുടെ മാർക്കറ്റിങ്ങിനായി സിയാലിന്റെ മാതൃകയിൽ മാർക്കറ്റിങ്ങ് കമ്പനി സ്ഥാപിക്കുമെന്ന് ധനമന്ത്രി. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഈ പ്രഖ്യാപനം നടത്തിയത്.
കാർഷിക വിഭവങ്ങളുടെ സംസ്കരണത്തിനായി മൂല്യവർദ്ധനവിനുള്ള സൗകര്യങ്ങൾ കൂടുതലായി സൃഷ്ടിക്കണമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി ചൂണ്ടിക്കാട്ടി.
അന്തർദേശീയ തലത്തിൽ പോലും ശ്രദ്ധിക്കാൻ കഴിയുന്ന ഒരു വലിയ വിപണി നമുക്ക് സൃഷ്ടിക്കാൻ കഴിയും. കേരളത്തിന്റെ തനതായ വിഭവങ്ങൾ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനും സൗകര്യമുള്ള പത്ത് മിനി ഫുഡ് പാർക്കുകൾ വ്യവസായ വകുപ്പിന് കീഴിൽ ആരംഭിക്കാൻ 100 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കും. മൂല്യവർധിത ഉത്പന്നങ്ങൾ വരുമ്പോൾ മാർക്കറ്റിങ്ങ് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരെയും വ്യവസായ വാണിജ്യ സംരംഭകരെയും സഹകരിപ്പിച്ച് കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താനായി. സിയാലിന്റെ മാതൃകയിൽ വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പനി രൂപീകരിക്കും. 100 കോടി രൂപ മൂലധനമുള്ള ഒരു മാർക്കറ്റിങ്ങ് കമ്പനിയായിരിക്കും ഇത്. ഉത്പന്നങ്ങളുടെ ബ്രാൻഡിങ് ഗുണമേന്മ ഉറപ്പുവരുത്തൽ മാർക്കറ്റിങ് ഉൾപ്പെടെയുള്ള ചുമതലകൾ കമ്പനി നിർവഹിക്കും. സർക്കാരിന്റെ ഷെയറിൽ ഐ.ടി പദ്ധതിക്കായി ഈ വർഷം തന്നെ 20 കോടി രൂപ മാറ്റിവയ്ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.