പുതുപ്പാടി: തകർന്ന് വീഴാറായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്കെതിരെ നാട്ടുകാർ രംഗത്ത്. പെരുമ്പള്ളി എട്ടേക്രയിലാണ് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ഈ അംഗൻവാടി പ്രവർത്തിക്കുന്നത്. നാട്ടുകാര്‍ വിലക്കു വാങ്ങി നല്‍കിയ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ സമീപ വാസി തടസ്സം നില്‍ക്കുന്നുവെന്നും ഇതിന് അധികൃതര്‍ കൂട്ടുനില്‍ക്കുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇരുപതോളം കുട്ടികൾ പഠിക്കുന്ന അംഗൻവാടിയിൽ വൈദ്യുതി കണക്ഷനുമില്ല. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ ഹരിജന്‍ മഹിളാ സമാജത്തിന്റെ കെട്ടിടത്തിലായിരുന്നു അംഗൻവാടിയുടെ പ്രവര്‍ത്തനം. സൗകര്യക്കുറവുമൂലം ഇവിടെ നിന്ന് സമീപത്തെ ആരോഗ്യ ഉപ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ കെട്ടിടം പണി നടക്കുന്നതിനാല്‍ വീണ്ടും മഹളാ സമാജം കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. നാട്ടുകാര്‍ പണപ്പിരിവ് നടത്തി 3 സെന്റ് ഭൂമി വിലക്കുവാങ്ങുകയും 2 സെന്റ് ഭൂ ഉടമ സൗജന്യമായി നൽകുകയും ചെയ്തിരുന്നു. 5 സെന്റ് ഭൂമി പഞ്ചായത്തിന് രജിസ്റ്റര്‍ ചെയ്ത് നല്‍കി.
എന്നാൽ ഈ ഭൂമിയിലൂടെ സമീപവാസിക്ക് റോഡ് നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കി. ഇതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ അംഗന്‍വാടിക്ക് കെട്ടിടം നിര്‍മിക്കുന്ന പ്രവൃത്തി ഉപേക്ഷിച്ചുവെന്നാണ് പരാതി. അംഗനവാടിക്കായി സുരക്ഷിതമായൊരു കെട്ടിടം പണിയാനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പാടാക്കാനും അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


