ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർഥികളുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി. മുസ്ലിം മതവിശ്വാസ പ്രകാരം ഒഴിവാക്കാനാവാത്ത ആചാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
ചീഫ് ജസ്റ്റീസ് റിതുരാജ് അവസ്തി, ജസ്റ്റീസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റീസ് ജെ.എം. ഖാസി എന്നിവരടങ്ങിയ വിശാല ബെഞ്ചിന്റേതാണ് വിധി. മൗലീകാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോമെന്ന് വിധിയിൽ കോടതി പറഞ്ഞു.
സർക്കാരിന് നിയന്ത്രണം നടപ്പക്കാൻ അവകാശമുണ്ട്. യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിർക്കാനാവില്ലെന്നും വിധിയിൽ പറയുന്നു.
കേസിൽ വിധി പറയാനിരിക്കെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ബംഗളൂരു, മൈസൂരു, ബെളഗാവി എന്നീ നഗരങ്ങളിൽ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഉഡുപ്പിയിലും ശിവമോഗയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുഖ്യമന്ത്രി ബസവരാജ ബൊമ്മയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഇരുവരും ചർച്ചനടത്തി.
കർണാടകയിലുടനീളം സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സംഘർഷമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സമാധാനം ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ് കർണാടയെന്നും അദ്ദേഹം പറഞ്ഞു. കൽബുർഗിയിലും ദർവാഡയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കൽബുർഗിയിൽ സ്കൂളുകളും കോളജുകളും അടച്ചു.
കേസിൽ ഫുൾ ബെഞ്ച് ഫെബ്രുവരി ഒൻപതിനാണു രൂപവത്കരിച്ചത്. തൊട്ടടുത്ത ദിവസം മുതൽ ഫുൾ ബെഞ്ച് കേസിൽ വാദം കേട്ടുതുടങ്ങി.
