താമരശ്ശേരി: കർഷകർക്ക് കൈത്താങ്ങും ഉപദേശ നിർദേശങ്ങളും നൽകാനുമായി പുതുപ്പാടിയിൽ സാന്ത്വന കർഷക സേവന കേന്ദ്രം തുടങ്ങുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്റ്ററായി വിരമിച്ച കെ.വി. സഞ്ജീവും കൃഷി ജോയൻ്റ് ഡയറക്റ്ററായി വിരമിച്ച ഭാര്യ പി. ശാന്തിയും താമരശ്ശേരി പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാർഷിക പദ്ധതികളെക്കുറിച്ചും പദ്ധതി നടത്തിപ്പിനെക്കുറിച്ചുമുള്ള പ്രാഥമിക വിവരങ്ങൾ കർഷകർക്കും മറ്റു ഗുണഭോക്താക്കൾക്കും എത്രയും വേഗം എത്തിക്കുകയാണ് കർഷക സേവന കേന്ദ്രത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് ദമ്പതികളായ കെ.വി. സഞ്ജീവും പി. ശാന്തിയും പറഞ്ഞു.
ആധുനിക കൃഷിരീതികളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം കർഷകർക്കും അനുബന്ധ മേഖലയിലുള്ളവർക്കും ലഭ്യമാക്കാനായി പരിശീലന പരിപാടികൾ, കൃഷി സ്ഥലം സന്ദർശനം, വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ സന്ദർശനം തുടങ്ങിയവും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന് പദ്ധതികളും ആവിഷ്കരിക്കും. തികച്ചും സേവനപരമായാണ് സാന്ത്വന കർഷക സേവന കേന്ദ്രം പ്രവർത്തിക്കുകയെന്നും ഇരുവരും പറഞ്ഞു.
സാന്ത്വന കർഷക സേവന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ ഒൻപത് ശനിയാഴ്ച പകൽ രണ്ട് മണിക്ക് പുതുപ്പാടി എലോക്കരയിൽ ലിൻ്റോ ജോസഫ് എം.എൽ.എ. നിർവ്വഹിക്കും. പുതുപ്പാടി ഗ്രാമപഞ്ചായത്ത്
പ്രസിഡൻ്റ് അഡ്വ. ആയിഷക്കുട്ടി സുൽത്താൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന കാർഷിക വില നിർണ്ണയ കമ്മിഷൻ ചെയർമാൻ ഡോ. പി. രാജശേഖരൻ, ആത്മ സ്റ്റേറ്റ് പ്രൊജക്റ്റ് കോ ഓഡിനേറ്റർ ഡോ. ആശ, കേരള ബാങ്ക് ഡയറക്റ്റർ ഹരിശങ്കർ, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. സി. തമ്പാൻ, അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്റ്റർ ഡോ. കെ. അജിത് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

🌹
ReplyDelete