താമരശ്ശേരി: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് അറുതി വരുത്തുന്നതിന് അവയെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന കർഷകരുടെ ആവശ്യം നിരസിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ താമരശ്ശേരി പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
താമരശ്ശേരി മേഖലാ സംയുക്ത കർഷകകൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ്ണ സി.കെ.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
വന്യ ജീവികളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിന്നും സംരക്ഷണം നൽകുന്നതിന് പുതിയ നിയമനിർമ്മാണം നടത്തുക,വന്യ ജീവി അക്രമത്തിനിരയാകുന്നവർക്കും അതുമൂലം കൃഷി നാശം സംഭവിച്ച കർഷകർക്കും ഉടൻ നഷ്ടപരിഹാരം നൽകുക, വന്യമൃഗങ്ങൾ കാടിറങ്ങുനത് തടയാൻ വനാതിർത്തികളിൽ സംരക്ഷണ വേലികൾ സ്ഥാപിക്കുക, സർക്കാർ അനുമതി പ്രകാരം പന്നിയെ വെടിവെച്ച ഷൂട്ടർമാർക്കുള്ള പ്രതിഫലം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ധർണ്ണയിൽ പങ്കെടുത്തവർ ഉന്നയിച്ചു.
താമരശ്ശേരി മേഖല സംയുക്ത കർഷകൂട്ടായ്മ കൺവീനർ പി.എം.അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി.വി കെ മുഹമ്മത് കുട്ടി മോൻ, എ കെ കുഞ്ഞിമരക്കാർ,കെ എം സെബാസ്റ്റ്യൻ മാസ്റ്റർ, എം.എം സലീം, പി സി എ റഹീം മാസ്റ്റർ, വി കെ അഷ്റഫ് ,ജോൺസൺ ചാക്കാട്ടിൽ, പി സി മോയിൻകുട്ടി,സലീം പുല്ലടി, ജോസ് തുണ്ടത്തിൽ, ജോബി ഷ് ചുങ്കം തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു.
