കോഴിക്കോട്: അമ്പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം ഞായറാഴ്ച അർധരാത്രിയോടെ ബോട്ടുകൾ കടലിലേക്ക് പോകും. നിലവിൽ കാലാവസ്ഥ അനുകൂലമായതിന്റെ ആശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞവർഷം ട്രോളിങ് നിരോധനം തീരുന്ന സമയങ്ങളിലടക്കം കനത്തമഴയായതിനാൽ മത്സ്യമേഖലയ്ക്ക് തിരിച്ചടിയായിരുന്നു.
പുതിയാപ്പയിൽനിന്ന് 150-ഓളം ബോട്ടുകൾ ആദ്യദിനം കടലിലേക്ക് പോകും. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ട്രോളിങ് നിരോധനത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇതരസംസ്ഥാനത്തൊഴിലാളികൾ വെള്ളിയാഴ്ചയോടെ മടങ്ങിയെത്തി. പുതിയാപ്പയിൽ ഒഡിഷ സ്വദേശികളായ തൊഴിലാളികളാണ് കൂടുതലുള്ളത്.
മൂന്നരലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഒരു ബോട്ട് കടലിലേക്ക് പോകുന്നത്. എന്നാൽ ഇതിനനുസൃതമായി മീൻ ലഭിക്കുമോയെന്ന ആശങ്കയുണ്ട് തൊഴിലാളികൾക്ക്. മണ്ണെണ്ണ-ഡീസൽ വിലവർധിച്ചതിനാൽ കടലിൽ മീനിനായി കൂടുതൽ സമയം തിരച്ചിൽ നടത്താൻ കഴിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. സബ്സിഡി അനുവദിക്കാത്തതിനാൽ മുഴുവൻ തുകയും നൽകിയാണ് ഡീസൽവാങ്ങുന്നത്. വിലവർധിച്ചതോടെ പലരും ഈ മേഖലയിൽ നിലനിൽക്കാൻ കഷ്ടപ്പെടുകയാണെന്ന് മത്സ്യത്തൊഴിലാളി ഹരീഷ് പറഞ്ഞു. നഷ്ടംസഹിക്കാൻ കഴിയാതെ പുതിയാപ്പയിലെ 10 ബോട്ടുകൾ ഉടമകൾ വിറ്റൊഴിഞ്ഞിട്ടുണ്ട്.
ട്രോളിങ് നിരോധനസമയത്ത് മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസപദ്ധതിയിലെ അംഗങ്ങൾക്ക് ലഭിക്കാറുള്ള തുകയിൽ ഒരു ഗഡു മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഇത് അർഹരായ എല്ലാവർക്കും ലഭിച്ചില്ലെന്നും ആരോപണമുണ്ട്. തുക മുഴുവനും അനുവദിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികോൺഗ്രസ് സംസ്ഥാനസെക്രട്ടറി സി.പി. ഷൺമുഖൻ പറഞ്ഞു.
