Trending

വിമാന ഇന്ധന നിരക്ക് 12 ശതമാനം കുറച്ചു ; വിമാന ടിക്കറ്റിന്റെ വില കുറയും



ന്യൂഡൽഹി : വിമാന യാത്രയ്‌ക്ക് ചെലവ് കുറയുന്നു. എയർ ടർബൈൻ ഇന്ധനത്തിന്റെ വില 12 ശതമാനം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിമാനയാത്രയ്‌ക്ക് ചെലവ് കുറയുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവ് കണക്കിലെടുത്താണ് വിമാന ഇന്ധന വിലയിൽ കുറവ് വരുത്തുന്നത്.

മുമ്പ് കിലോലിറ്ററിന് 138,147.93 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 1.21 ലക്ഷം രൂപയാകും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിജ്ഞാപനമനുസരിച്ചാണ് ഈ മാറ്റം

രണ്ടാഴ്ചയിലെ അന്താരാഷ്‌ട്ര എണ്ണവിലയുടെ നിരക്കിന്റെ അടിസ്ഥാനത്തിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില പരിഷ്‌കരിക്കാറുണ്ട്. എല്ലാ മാസവും 1, 16 തീയതികളിലാണ് ഈ വില പരിഷ്‌ക്കരിക്കുന്നത്.

ഈ വർഷം ഇത് മൂന്നാം തവണയാണ് എണ്ണവില കുറയുന്നത്. നേരത്തെ ജൂലൈ 16ന്, അന്താരാഷ്‌ട്ര എണ്ണവില കുറഞ്ഞതിനെ തുടർന്ന് എടിഎഫ് വില 2.2 ശതമാനം കുറച്ച് കിലോലിറ്ററിന് 138,147.93 രൂപയായി കുറഞ്ഞിരുന്നു. ജൂണിലും വിമാന ഇന്ധന വിലയിൽ 1.3 ശതമാനം കുറവുണ്ടായി – 10 റൗണ്ട് വർദ്ധനയ്‌ക്ക് ശേഷമുള്ള ആദ്യ കുറവാണിത്.

Post a Comment

Previous Post Next Post