കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പ്രതികൾക്കുള്ള ശിക്ഷ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് തീരുമാനിക്കും. തടിയൻറവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവരാണ് കേസിലെ കുറ്റക്കാർ. പ്രതികൾ കുറ്റം സമ്മതിച്ചതിനാൽ വിചാരണ പൂർത്തിയാക്കാതെയാണ് ശിക്ഷ വിധിക്കുന്നത്. റിമാൻഡ് കാലാവധി ശിക്ഷാകാലവധിയായി കണക്കാക്കുമെന്നതിനിലാണ് പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചതെന്നും സൂചനയുണ്ട്. കേസിലെ 11 പ്രതികളിൽ ഒരാളെ നേരത്തെ വെറുതെ വിട്ടിരുന്നു.
കോയമ്പത്തൂർ സ്ഫോടന കേസിൽ ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബർ 9 നാണ് കളമശ്ശേരിയിൽ പ്രതികൾ ബസ് കത്തിക്കുന്നത്.
കേസിൽ അഞ്ചാം പ്രതിയായ കെ.എ. അനൂപിന് കഴിഞ്ഞ വർഷം ജൂലൈയിൽ ആറ് വർഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചിരുന്നു. അനൂപ് ഒഴികെയുള്ള പ്രതികൾ പല കേസുകളിലായി തടവിൽ തുടരുന്നതാണ് വിചാരണ വൈകാൻ ഇടയാക്കിയത്. 2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ൽ മാത്രമാണ് തുടങ്ങിയത്.
തടിയന്റവിട നസീർ, സൂഫിയ മഅ്ദനി ഉൾപ്പെടെ 13 പ്രതികളുടെ വിചാരണയായിരുന്നു നടന്നിരുന്നത്. 2005 സെപ്റ്റംബർ 9 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂർ സ്‌ഫോടനകേസിൽ ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾനാസർ മഅ്ദനിയെ ജയിലിൽനിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികൾ കുറ്റകൃത്യം ചെയ്തത്.
നിരവധി തീവ്രവാദ കേസുകളിൽ പ്രതിയായ തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. ബസ് തട്ടിയെടുക്കാൻ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാൻ അന്വേഷണസംഘത്തിനായിട്ടില്ല. പിന്നീട് കാശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റുമരിച്ച പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുൽ റഹീമിനെയും കുറ്റപത്രത്തിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്
