ബാലുശ്ശേരി കോക്കല്ലൂർ ഗവ ഹയർസെക്കൻറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിക്കാണ് കഴിഞ്ഞ തിങ്കളാഴ്ച ക്രൂര മർദ്ദനമേറ്റത്. സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി അംഗവും കാൻറ്റീൻ ജീവനക്കാരനുമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. തന്നെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മർദ്ദനമേറ്റ കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ സ്കൂളിലെ കാന്റീനിൽ വെച്ചാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ സജിക്കെതിരെ ബാലുശ്ശേരി പൊലീസ് കേസ്സെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ സ്കൂൾ ഇൻറർവെൽ സമയത്താണ് സംഭവം. ക്യാന്റീനിൽ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പി ടി എ അംഗം സജി കുട്ടിയെ ആക്രമിച്ചത്. ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചായിരുന്നു മർദ്ദനം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകി.
