Trending

കന്നൂട്ടിപ്പാറ സ്കൂളിൽ ബഷീർ കഥാപാത്രങ്ങൾ നിറഞ്ഞാടിയ ബഷീർ ദിനാചരണം.


കട്ടിപ്പാറ : കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുപ്പതാം ചരമവാർഷികദിനവുമായി ബന്ധപ്പെട്ട് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ സംഘടിപ്പിച്ച ബഷീർ ദിനാചരണം ബഷീർ സൃഷ്ടിച്ച അനശ്വര കഥാപാത്രങ്ങളുടെ സംഗമ വേദിയായി മാറി.
തൻ്റെ ആടിനെ ചീത്ത പറഞ്ഞവരെ തേടി നടക്കുന്ന പാത്തുമ്മയും പ്രണയത്തിൻ്റെ മധുര നോവുമായി മജീദ് സുഹറമാരും മതിലിനപ്പുറത്തെ ഒരിക്കലും കാണാത്തയാളെ മനസ്സറിഞ്ഞു പ്രണയിച്ച നാരായണിയും ബഡായി പറഞ്ഞു നടക്കുന്ന എട്ടുകാലി മമ്മൂഞ്ഞും ആന മക്കാരിൻ്റെ പുന്നാര മോക്കടെ മോൾ കുഞ്ഞു പാത്തുമ്മയും ചാണകം മോഷ്ടിക്കാൻ നടക്കുന്ന ആനവാരി രാമൻ നായരും മണ്ടത്തരങ്ങളുടെ ആശാനായ മണ്ടൻ മുത്തപ്പയും മുച്ചീട്ടുകാരൻ്റെ സുന്ദരിയായ മകൾ സൈനബയുമൊക്കെ കുട്ടികളിലൂടെ പുനരാവിഷ്കൃതമായപ്പോൾ ബഷീറിൻ്റെ കഥാപ്രപഞ്ചം തന്നെ പുന:സൃഷ്ടിക്കപ്പെടുകയായിരുന്നു.
  പ്രശസ്ത ഗാനരചയിതാവ് ബാപ്പുവാവാട് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകമുള്ളിടത്തോളം ഓർമിക്കപ്പെടുന്ന അവധൂതനാണ് ബഷീറെന്ന് അദ്ദേഹം പറഞ്ഞു. ബഷീറിൻ്റെ ഭാഷ മറ്റാർക്കും അനുകരിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷം വഹിച്ചു.
  കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിദ ഇസ്മയിലും വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ കെ അബൂബക്കർ കുട്ടിയും മുഖ്യാതിഥികളായി. ഹെഡ്മാസ്റ്റർ അബു ലൈസ് തേഞ്ഞിപ്പലം ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. എംപിടിഎ പ്രസിഡണ്ട് സജ്ന നിസാർ, കെ.സി ശിഹാബ് ആശംസകൾ നേർന്നു.ദിൻഷ ദിനേശ് ഗാനാലാപനം നടത്തി.
   കെ.പി ജസീന , ഫൈസ് ഹമദാനി, ടി.ഷബീജ്, പി.പി. തസലീന, റൂബി എം.എ, പി.പി. അനുശ്രീ, ഷാഹിന കൊടുവള്ളി,ഭവിഷ പി. വി , ഷാരോൾ ,രസ്ന,കെ.പി. മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post