വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു നേരെ വധശ്രമം. പെൻസിൽവാനിയയിൽ ഒരു പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം.
പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ ട്രംപിനു നേരെ അക്രമി വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിനിടെ ട്രംപിന്റെ വലതു ചെവിയിൽ പരിക്കേറ്റതായും സൂചനയുണ്ട്. ട്രംപിന്റെ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവം ഉണ്ടായ ഉടൻ തന്നെ ട്രംപിനെ സ്റ്റേജിൽ നിന്നും മാറ്റിയെന്നും മുൻ പ്രസിഡന്റ് സുരക്ഷിതനാണെന്നും അധികൃതർ പറഞ്ഞു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടുവെന്നും സൂചനയുണ്ട്. പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
മുൻ പ്രസിഡന്റിന്റെ അരോഗ്യനില തൃപ്തികരമാണെന്ന് ട്രംപിന്റെ വക്താവ് പറഞ്ഞു. അതേസമയം മുൻ പ്രസിഡന്റിന്റെ സുരക്ഷാ വീഴ്ചയിൽ പ്രതിഷോധവുമായി ട്രംപ് അനുകൂലികൾ രംഗത്ത് എത്തി..
