കട്ടിപ്പാറ : മലയോര ജനതയുടെ കായിക മാമാങ്കമായി കന്നൂട്ടിപ്പാറയിൽ ഗോൾഡൻ സ്റ്റാർ സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന കന്നൂട്ടിപ്പാറ പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കൊടിയേറി.
7 ടീമുകൾ മാറ്റുരയ്ക്കുന്ന പ്രീമിയർ ലീഗിൻ്റെ ഉദ്ഘാടനം കട്ടിപ്പാറ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ കെ അബൂബക്കർ കുട്ടി നിർവ്വഹിച്ചു.
മദ്യവും രാസലഹരികളും പിടിമുറുക്കുന്ന ഈ ആസുരകാലഘട്ടത്തിൽ യുവാക്കൾ കലയെയും സ്പോർട്സിനെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും ലഹരിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ കെ ഷംസീർ അധ്യക്ഷം വഹിച്ചു.
കന്നുട്ടിപ്പാറ ഐയുഎം LP സ്കൂൾ HM അബുലൈസ് തേഞ്ഞിപ്പലം മുഖ്യാതിഥിയായി. മയക്കുമരുന്നു വിപത്തിനെതിരെ പ്രതിരോധത്തിൻ്റെ നെടുങ്കോട്ടകൾ കെട്ടണമെന്നാവശ്യപ്പെട്ട അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. അബ്ദുള്ള മലയിൽ,ഷംനാസ് പൊയിൽ, പി.കെ അലി, റെജി വർഗീസ്, എം സുലൈമാൻ , മുനീർ തോലത്ത്, പി കെ ഫൈസൽ, ഷാനിദ് പൊയിൽ, മുബീർ തോലത്ത്, കെ പി. മുഹമ്മദലി,കെ കെ നിസാർ മുതലായവർ ആശംസകളർപ്പിച്ചു.
