Trending

മാനുവേട്ടന്റെ ഓർമകളിൽ വിതുമ്പി കന്നൂട്ടിപ്പാറ.



കട്ടിപ്പാറ: മലയോര ഗ്രാമങ്ങളുടെ ഹൃദയത്തിൽ ഇടംനേടിയ, കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിന്റെ പ്രിയപ്പെട്ട മാനുവേട്ടൻ - പെരിങ്ങോട് കൃഷ്ണൻകുട്ടി - യുടെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഐ യു എം എൽ പി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു.

2019-ൽ കോഴിക്കോട് സിറ്റി സബ് ജില്ലയിലെ പുതിയറയിൽ നിന്ന് ഐ യു എം എൽ പി സ്കൂൾ താമരശ്ശേരി സബ് ജില്ലയിലെ കന്നൂട്ടിപ്പാറയിലേക്ക് മാറ്റിസ്ഥാപിക്കപ്പെട്ട അന്നു മുതൽ
ഈ സ്കൂളിനെ സ്വന്തം സ്ഥാപനം പോലെ സ്നേഹിച്ച മാനുവേട്ടൻ ഈ
സ്കൂളിന്റെ ഒരു ഭാഗം തന്നെയായിരുന്നു.

നിരവധി മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് ഈ സ്കൂളിന്റെ മുറ്റവും പരിസരവും ഹരിതാഭമാക്കി, കുട്ടികൾക്ക് ശുദ്ധവായുവും തണലും ഒരുക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ പരിസ്ഥിതി സ്നേഹവും വിനയവും കഠിനാധ്വാനവും കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മനസ്സിൽ എന്നെന്നും മായാതെ നില നിൽക്കും.

പ്രവേശനോത്സവ ദിനത്തിൽ തന്നെ സംഭവിച്ച മാനുവേട്ടന്റെ അപകട മരണം എല്ലാവരെയും ഞെട്ടിച്ചു. സ്കൂളിൽ നടന്ന പ്രത്യേക അനുശോചന യോഗത്തിൽ പിടിഎ പ്രസിഡന്റ് ഷംനാസ് പൊയിൽ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. അബൂബക്കർ കുട്ടി, മുൻ എച്ച്എം അബുലൈസ് തേഞ്ഞിപ്പലം, എംപിടിഎ പ്രസിഡന്റ് സജ്ന നിസാർ, എസ്എസ്ജി ചെയർമാൻ അലക്സ് മാത്യു, വൈസ് ചെയർമാൻ സലാം കന്നൂട്ടിപ്പാറ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സുബൈർ പെരിങ്ങോട്, പി.ടി. ഹാരിസ്, കെ.സി. ശിഹാബ്, പി. സജീന തുടങ്ങിയവർ മാനുവേട്ടന്റെ ഓർമകൾ അനുസ്മരിച്ചു. 

ആത്മാർത്ഥതയും കഠിനധ്വാനവും മുഖ മുദ്രയാക്കിയ മാനുവേട്ടന്റെ വിയോഗം “മലയോര ഗ്രാമങ്ങൾക്ക് മുഴുവൻ വലിയ നഷ്ടമാണ്. എ.കെ. അബൂബക്കർ കുട്ടി അനുസ്മരിച്ചു. “കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ മാനുവേട്ടൻ എന്നെന്നും ജീവിക്കും,” അബുലൈസ് തേഞ്ഞിപ്പലം കൂട്ടിച്ചേർത്തു.പെരിങ്ങോട് ശ്രീധരന്റെ വിയോഗത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. 

എച്ച്എം ഇൻ ചാർജ് കെ.പി. ജസീന സ്വാഗതവും ദിൻഷ ദിനേശ് നന്ദിയും പറഞ്ഞു. 

പിപി തസലീന, ടി. ഷബീജ്, ഷാഹിന കേയക്കണ്ടി, ഫൈസ് ഹമദാനി, റൂബി എം.എ, ഷാഹിന കെ.കെ, പ്രബിത പി.ബി, അനുശ്രീ പി.പി, കെ.എം. മിൻഹാജ്, കെ.പി. മുഹമ്മദലി തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.മാനുവേട്ടന്റെ ഓർമകൾക്ക് മുന്നിൽ ഒരു ഗ്രാമം ഒന്നടങ്കം പ്രണാമം അർപ്പിക്കുന്നു.

Post a Comment

Previous Post Next Post