താമരശ്ശേരി: കൈതപ്പൊയിലിലെ അപ്പാർട്ട്മെന്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഹസ്നയെ (34) കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് ഹൈസൻ അപ്പാർട്ട്മെന്റിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിക്കുന്നതിന് മുമ്പ് ഹസ്ന വീട്ടിലേക്ക് മടങ്ങിവരികയാണെന്ന് അമ്മയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഹസ്നയോടൊപ്പം താമസിച്ചിരുന്ന യുവാവിനെ കുറിച്ച് സംശയമുണ്ടെന്നും ഇയാൾ ലഹരി കേസുകളിൽ ഉൾപ്പെട്ട ആളാണെന്നുമാണ് ആരോപണം. ഹസ്നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധു ഷംനാസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം, ഹസ്നയുടേത് തൂങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ ചതവുകളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വിവാഹമോചിതയായ ഹസ്ന കഴിഞ്ഞ എട്ട് മാസമായി പുതുപ്പാടി ചോയിയോട് വേനകാവ് കൈതപ്പൊയിലിൽ അദിൽ എന്ന യുവാവിനൊപ്പം താമസിച്ചുവരികയായിരുന്നു. അദിലും വിവാഹമോചിതനാണ്. ഇയാൾക്ക് ലഹരി ഇടപാടുകളുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇരുവരും വിവാഹിതരായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ആദ്യ വിവാഹത്തിൽ ഹസ്നയ്ക്ക് മൂന്ന് മക്കളുണ്ട്. 13 വയസുള്ള മൂത്തമകൻ മാത്രമാണ് ഇപ്പോൾ ഹസ്നയോടൊപ്പം താമസിച്ചിരുന്നത്. മറ്റ് രണ്ട് മക്കളെ മുൻ ഭർത്താവ് കാണിച്ചു കൊടുക്കാത്തതിനെ തുടർന്ന് ഹസ്ന മാനസിക സംഘർഷത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
